2021-06-04 By Admin
മുംബൈ: വിജയ് മല്ല്യയുടെ 5646 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റ് ബാങ്കുകൾക്കുള്ള കുടിശിക തീർക്കാൻ ധാരണ. റിയല്‍ എസ്‌റ്റേറ്റ് സ്വത്തുക്കളും സെക്യൂരിറ്റികളും ബാങ്കുകള്‍ വിറ്റ് പണമാക്കി അത് വായ്പയിലേക്കുള്ള തിരിച്ചടവായി കണക്കാക്കാമെന്ന് മുംബൈയിലെ പ്രത്യേക കോടതി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് (പിഎംഎല്‍എ കോടതി) ഈ വിധി വ്യാഴാഴ്ച പുറപ്പെടുവിച്ചത്. എസ്ബിഐ ആണ് പിഎംഎല്‍എ കോടതിയെ സമീപിച്ചത്.
11 ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യമാണ് വിജയ് മല്ല്യയ്ക്ക് വായ്പ നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത സ്വത്തുക്കള്‍ പുനരുദ്ധരിക്കണമെന്നതായിരുന്നു ബാങ്കുകളുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചു. ഇത് പ്രകാരമാണ് 5646.54 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റ് അത് പണമാക്കി ബാങ്കുകള്‍ക്ക് ഉപയോഗിക്കാന്‍ നിർദ്ദേശം നല്‍കിയത്.