2021-05-27 By Admin
റിയാദ്: വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അടിമുടി മാറ്റങ്ങള്‍ വരുത്തി സൗദി. ആഗസ്ത് 30ന് തുടങ്ങുന്ന പുതിയ അടുത്ത അധ്യയന വര്‍ഷം മുതലാണ് പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരികയെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖ് പറഞ്ഞു.ലോകത്ത് വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ് പരിഷ്‌ക്കാരങ്ങള്‍.
സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ക്കാണ് വിദ്യാഭ്യാസ മേഖലയില്‍ തുടക്കമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സൗദി സ്‌കൂളുകളില്‍ നിലവിലെ രണ്ടു സെമസ്റ്ററുകള്‍ക്കു പകരം സെമസ്റ്ററുകളുടെ എണ്ണം മൂന്നാക്കി മാറ്റുമെന്നതാണ് ഇവയില്‍ പ്രധാനം. ഓരോ സെമസ്റ്ററിന്റെയും ദൈര്‍ഘ്യം 13 ആഴ്ച വീതമായിരിക്കും. ഓരോ സെമസ്റ്ററിനുമിടയില്‍ ഒരാഴ്ച നീളുന്ന അവധിയും ഉണ്ടാകും.ഇതുകൂടാതെ ഒരു അധ്യയന വര്‍ഷത്തില്‍ ആകെ 12 അവധികളുണ്ടായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ആഗസ്ത് 30ന് ആരംഭിച്ച് ജൂലൈ ഒന്നിന് അവസാനിക്കുന്ന രീതിയിലായിരിക്കും അധ്യയന വര്‍ഷം ക്രമപ്പെടുത്തുക. കൂടുതല്‍ കാലം വേനല്‍ അവധി നല്‍കുന്നത് കുട്ടികളുടെ പഠനത്തുടര്‍ച്ചയെ ബാധിക്കും എന്നതിനാലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
വിദ്യഭ്യാസ മേഖലയില്‍ മുനിര്‍രയില്‍ നില്‍ക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്താണ് മാറ്റം വരുത്തിയിരിക്കുന്നത്.ഇതുപ്രകാരം ഒന്നാം ഗ്രേഡ് മുതല്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇംഗ്ലീഷിനൊപ്പം കായിക വിദ്യാഭ്യാസവും സ്വയം പ്രതിരോധ കഴിവുകളും അഭ്യസിപ്പിക്കും. നാലാം ഗ്രേഡ് മുതല്‍ അപ്ലൈഡ് ഡിജിറ്റല്‍ സ്‌കില്ലുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തും.ആധുനിക പാഠ്യക്രമം അനുസരിച്ച് പാഠ്യ പദ്ധതിയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.