2021-05-06 By Admin
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ നിർത്തി വച്ച ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഓസ്‌ട്രേലിയന്‍ കളിക്കാരും പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും മാച്ച് ഒഫീഷ്യല്‍സും കമന്റേറ്റര്‍മാരുമടങ്ങുന്ന സംഘം മാലദ്വീപിലേക്ക് തിരിച്ചു. ഇന്ത്യയില്‍ നിന്ന് നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ വിലക്കുള്ളതിനാല്‍ മാലദ്വീപിലേക്കാണ് ഓസ്‌ട്രേലിയന്‍ സംഘം പോയത്.യാത്രാവിലക്ക് നീങ്ങുന്നതു വരെ സംഘം മാലദ്വീപില്‍ തുടരും. ഇതിനു ശേഷമാവും എല്ലാവരും ഓസ്‌ട്രേലിയയിലേക്ക് പോകുക. വിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്ന് നേരിട്ട് ഓസ്‌ട്രേലിയയിലെത്തുന്നവരെ ജയിലിലടക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഐപിഎല്ലിന്റെ ഭാഗമായിരുന്നവര്‍ക്ക് പ്രത്യേക ഇളവ് നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ അസോസിയേഷനും അറിയിച്ചു. ഇതാണ് വിലക്ക് നീങ്ങുന്നതു വരെ ഓസ്‌ട്രേലിയന്‍ സംഘത്തിന് മാലദ്വീപില്‍ തുടരേണ്ട സാഹചര്യം ഒരുക്കിയത്. അതേസമയം, ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ബാറ്റിംഗ് പരിശീലകന്‍ മൈക് ഹസി ഇന്ത്യയില്‍ തുടരും. ഹസിക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാമാണുള്ളതെന്നും അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിചരണത്തിലാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.