2021-02-13 By Admin
ബിസിസിഐ യുടെ ഫിറ്റ്നസ് ടെസ്റ്റ് സഞ്ജു സാംസൺ പാസ്സായി. ഇതോടെ സഞ്ജുവിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന വൈറ്റ് ബാൾ പരമ്പരയിൽ പങ്കെടുക്കാനാകും. ബിസിസിഐ പുതുതായി കൊണ്ടുവന്ന ഫിറ്റ്നസ് ടെസ്റ്റിന്റെ രണ്ട് കിലോമീറ്റർ ഓട്ടത്തിൽ കഴിഞ്ഞ ദിവസം സഞ്ജു പരാജയപ്പെട്ടിരുന്നു. ആദ്യമായി നടപ്പിലാക്കിയ ഫിറ്റ്നസ് ടെസ്റ്റായതിനാൽ താരങ്ങൾക്ക് ബിസിസിഐ ഒരു അവസരം കൂടെ നൽകുകയായിരുന്നു. ഇതാണ് സഞ്ജു ഇന്ന് പാസായത്. സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷൻ, രാഹുൽ തേവാത്തിയ, നിധീഷ് റാണ, സിദ്ധാർഥ് കൗൾ, ജയദേവ് ഉനദ്ഘട്ട് എന്നിവർക്കും ഇന്നലെ നിശ്ചിത സമയത്തിനുള്ളിൽ ഓട്ടം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. 2018 ൽ യോയോ ടെസ്റ്റ് പരാജയപ്പെട്ടതോടെ സഞ്ജുവിനും അമ്പാടി റായിഡുവിനും മുഹമ്മദ് ഷമിക്കും ടീമിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. പിന്നീട് ഇവർ ടെസ്റ്റ് വിജയിക്കുകയും ടീമിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. വിദേശ പര്യടനങ്ങളിൽ താരങ്ങൾക്ക് പരിക്കേൽക്കുന്നത് കൂടുന്ന സാഹചര്യത്തിൽ ബിസിസിഐ യോയോ ടെസ്റ്റിൽ പുതിയ യോഗ്യത മാർക്ക് കൂട്ടി ചേർത്തു. ഇതിൻപ്രകാരം 8 മിനിറ്റ് 30 സെക്കൻഡ് കൊണ്ട് രണ്ട് കിലോമീറ്റർ ഓടിയെത്തണം. ഫാസ്ററ് ബൗളർമാർ ഇത്രയും ദൂരം 8 മിനിറ്റ് 15 സെക്കൻഡിൽ പൂർത്തിയാക്കണം.