2020-07-06 By Admin
ഓണ്‍ലൈന്‍ ടാക്‌സി സേവനമേഖലയിലെ രാജ്യാന്തര കമ്പനിയായ ഊബര്‍ മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി. മെയ് മാസത്തില്‍ ഇന്ത്യയിലെ നാലിലൊന്ന് ജീവനക്കാരെ (600 ജീവനക്കാര്‍) പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനവും ഊബര്‍ പുറത്തുവിട്ടത്. എന്നാല്‍ ഓഫീസ് അടച്ചുപൂട്ടിയാലും ഊബറിന്റെ മുംബൈ ഓഫീസിലെ ജീവനക്കാര്‍ വീട്ടിലിരുന്നാവും ജോലി ചെയ്യുകെയന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പക്ഷെ ഔദ്യോഗിക അറിയിപ്പില്‍ ഡിസംബര്‍ വരെയാണ് ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുന്നത്. ഈ ജീവനക്കാരെ അടുത്ത വര്‍ഷം മുംബൈയിലെ മറ്റൊരു ഓഫീസിലേക്ക് മാറ്റുമോ എന്നത് വ്യക്തമല്ല. ലോകമെമ്പാടുമുള്ള 6,700 ജീവനക്കാരെ ബാധിച്ച ആഗോള തരംതാഴ്ത്തല്‍ നടപടിയായി റൈഡ് ഹെയ്ലിംഗ് സ്ഥാപനം പ്രഖ്യാപിച്ച്, ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഊബറിന്റെ മുംബൈ ഓഫീസ് അടച്ചുപൂട്ടാനുള്ള നടപടിയെത്തുന്നത്. മെയില്‍ കസ്റ്റമര്‍ സര്‍വീസ്, ഡ്രൈവര്‍ അസിസ്റ്റന്‍സ്, ബിസിനസ് വികസനം, ലീഗല്‍ സപ്പോര്‍ട്ട്, നയരൂപീകരണം, ധനകാര്യം, നയങ്ങള്‍, മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലെ 600 -ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ത്യയിലെ തൊഴില്‍ വെട്ടിക്കുറവിന് പുറമെ, ആഗോളതലത്തില്‍ റെന്റല്‍, ലീസ് അനുബന്ധ ചെലവുകളും കമ്പനി വെട്ടിക്കുറയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് 19 മൂലമുണ്ടായ ബിസിനസ് തടസ്സങ്ങള്‍ കാരണം ഒരു ബില്യണ്‍ ഡോളറിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനായി കമ്പനി ഇതിനകം പദ്ധതിയിട്ടിട്ടുണ്ടെന്ന് ഊബര്‍ കമ്പനി വക്താക്കള്‍ അടുത്തിടെ അറിയിച്ചിരുന്നു.