'പോൽ-ആപ്പി'നെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവർമാർ

2020-07-03 By Admin

കോട്ടക്കല്‍: പൊലീസ് തയാറാക്കിയ ആപ്ലിക്കേഷന്‍ ‘പൊല്‍ ആപി’നെതിരെ പരാതിയുമായി ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്ത്. കോവിഡ് കാലത്ത് ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികളുടെ മേല്‍ ആപ് അമിതഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നും അഴിമതിക്ക് വഴിവെക്കുന്നുവെന്നും കാണിച്ച് ജില്ല പൊലീസ് മേധാവിക്ക് ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ പരാതി നൽകി. കോവിഡ് കാലത്ത് തൊഴിലാളികളുടെ കൈയില്‍ നിന്ന് ആപ്പിന്റെ പേരില്‍ പണം പിരിക്കുന്നുവെന്നാണ് പൊലീസിനെതിരേയുള്ള ആരോപണം. പെര്‍മിറ്റ് പുതുക്കുന്നതിനായി ആധാര്‍ അടക്കമുള്ള രേഖകള്‍ വേണമെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൗണിന് മുമ്പ് ഡ്രൈവര്‍മാര്‍ രേഖകള്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍, ചെക്ക്ഡ് നമ്പര്‍ വാങ്ങുന്നതിനായി സ്റ്റേഷനില്‍ പോയപ്പോള്‍ പെര്‍മിറ്റ് പുതുക്കുന്നതിനായി സ്മാര്‍ട്ട് കെ.കെ.എല്‍. എന്ന പേരില്‍ ആപ്ലിക്കേഷന്‍ തയാറാക്കിട്ടുണ്ടെന്നും പെര്‍മിറ്റ് പുതുക്കുന്നതിന് 70 രൂപ അടക്കണമെന്നും ആവശ്യപ്പെട്ടുവത്രെ. സാധാരണ പെര്‍മിറ്റ് പുതുക്കുന്ന സമയത്ത് 20 രൂപയാണ് ഈടാക്കിയിരുന്നത്. ആപ്ലിക്കേഷനുള്ള ചെലവാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 1362 ഓട്ടോകള്‍ നിലവില്‍ കോട്ടക്കല്‍ പെര്‍മിറ്റില്‍ ഓടുന്നുണ്ടെന്നും വലിയ സാമ്പത്തിക അഴിമതിയാണ് ഇതിന്റെ പേരില്‍ നടക്കുന്നുതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. രശീതി നല്‍കാതെയാണ് ഡ്രൈവര്‍മാരില്‍ നിന്ന് 70 രൂപ വീതം ഈ ലോക്ഡൗണ്‍ ദുരിതകാലത്ത് വാങ്ങുന്നത്. പെര്‍മിറ്റ് പുതുക്കുന്നതിന് അനാവശ്യമായി പണം വാങ്ങി ഡ്രൈവര്‍മാരെ ചൂഷണം ചെയ്ത് കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും ഇവര്‍ പറയുന്നു. വേങ്ങരയിലെ ഗ്ലോബല്‍ ഈസി ട്രേഡ് സൊലുഷന്‍ എന്ന സ്ഥാപനമാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചിട്ടുള്ളത്. കോട്ടക്കല്‍ പെര്‍മിറ്റുള്ള എല്ലാ ഓട്ടോ ഡ്രൈവര്‍മാരുടെയും ആധാര്‍ അടക്കമുള്ള രേഖകള്‍ ആപ്ലിക്കേഷന്‍ കമ്പനിക്ക് നല്‍കി കഴിഞ്ഞു. വ്യക്തിപരമായ രേഖകള്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതിലൂടെ വിവരങ്ങള്‍ പലതരത്തില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം. നടപടികള്‍ നിര്‍ത്തിവെക്കുന്നതിന് വേണ്ട അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നു.അതേസമയം, ഓട്ടോ ഡ്രൈവര്‍മാരുടെ പരാതി അടിസ്ഥാനരഹിതമാണെന്നും നടപടികള്‍ സുതാര്യമാണെന്നും എസ്.ഐ റിയാസ് ചാക്കീരി അറിയിച്ചു. ആപ് സംവിധാനം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. നേതാക്കളുടെ ഉറപ്പിലാണ് ആപ് യാഥാര്‍ഥ്യമാക്കിയതെന്നും എസ്.ഐ പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||