2020-06-29 By Admin
മലപ്പുറം: ഉറവിടമറിയാത്ത കേസുകളും കോവിഡ് രോഗികളുടെ എണ്ണവും ഉയരുന്ന സാഹചര്യത്തില്‍പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. തിങ്കളാഴ്ച മുതൽ അടുത്ത മാസം 6 വരെയാണ്ട്രിപ്പിൾ ലോക്ക് ഡൗണ്‍. പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കും. മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മന്ത്രി കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ്തീരുമാനം വരുന്നത്. താലൂക്കിലെ 1500 പേര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്നും ആവശ്യമെങ്കില്‍ പരിശോധന വ്യാപിപ്പിക്കുമെന്നും മന്ത്രി കെ ടി ജലീല്‍ അറിയിച്ചിരുന്നു. പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികളുടെയും സഹായം തേടാനാണ് തീരുമാനം. എടപ്പാളിൽ കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുമായി ഇരുപതിനായിരത്തോളം പേർക്കു സമ്പർക്കമുണ്ടായിരുന്നതായാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ 9 പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്റ് സോണാക്കാനാണ് ശുപാര്‍ശ. ജില്ലാ ഭരണകൂടമാണ് ശുപാര്‍ശ നല്‍കിയത്.നിലവിൽ 4 പഞ്ചായത്തുകളും നഗരസഭയിലെ 47 വാർഡുകളും മാത്രമാണ് കണ്ടെയ്ൻമെന്റ് സോൺ. ജില്ലയിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് ആശുപത്രികളും സജ്ജമാക്കും. ഇതിനുപുറമെ സ്വകാര്യ ആശുപത്രികളിൽക്കൂടി കോവിഡ് ചികിത്സ ലഭ്യമാക്കും. ലാബ്, ചികിത്സാ സൗകര്യങ്ങളുമുള്ള സ്വകാര്യ ആശുപത്രികളെ കണ്ടെത്തി ഐസിഎംആർ അംഗീകാരത്തിന് നൽകും. കോവിഡ് പരിശോധനയക്ക് സാമ്പിൾ നൽകിയവർ ഫലം പുറത്തുവരുന്നതുവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ താലൂക്ക് തല സ്‌ക്വാഡുകൾ പരിശോധന ശക്‌തമാക്കുമെന്നും മന്ത്രി കെ.ടി ജലീൽ പറഞ്ഞു.