2020-06-26 By Admin
ന്യൂഡല്‍ഹി:കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ ക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ സമർപ്പിച്ചു. ഈ വിജ്ഞാപനം ഉടനെത്തന്നെ സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷ റദ്ദാക്കിയതും മൂല്യനിര്‍ണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും സുപ്രീം കോടതി അംഗീകരിച്ചു.ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്ക് പരിഗണിക്കും’ വിജ്ഞാപനത്തില്‍ പറയുന്നു. പുതിയ അസെസ്‌മെന്റ് സ്‌കീം അനുസരിച്ചുള്ള സിബിഎസ്ഇ, 10,12 ക്ലാസുകളുടെ ഫലം ജൂലായ് 15-ന് പ്രസിദ്ധീകരിക്കുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മൂല്യനിര്‍ണയത്തിന് ഒരേ രീതിയാണ്.മുഴുവന്‍ വിഷയവും എഴുതിയവര്‍ക്ക് അതിനനുസരിച്ചു മാര്‍ക്കു നല്‍കും.ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ അസെസ്മെന്റ് പരിഗണിച്ചാകും മൂല്യനിര്‍ണ്ണയം. മൂന്നില്‍ കൂടുതല്‍ പരീക്ഷകള്‍ എഴുതിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്, ഏറ്റവും മികച്ച മാര്‍ക്ക് നേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്കു നല്‍കുക. മാര്‍ക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ പരീക്ഷ നടത്തും. ഓപ്ഷണല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അതില്‍ ലഭിക്കുന്ന മാര്‍ക്കായിരിക്കും അന്തിമമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.