2020-06-23 By Admin
ന്യൂയോര്‍ക്ക്: പ്രൊഫഷണല്‍ റെസ്ലിങ്ങ് വേദിയിലെ മിന്നും താരമായിരുന്ന ദി അണ്ടര്‍ടേക്കര്‍ എന്ന മാര്‍ക്ക് കാലവെ വിരമിച്ചു. ഡബ്ല്യു.ഡബ്ല്യു.ഇ റിങ്ങിലേക്ക് ഇനിയൊരിക്കലും ഒരു മടങ്ങിവരവുണ്ടാകില്ലെന്ന് അണ്ടര്‍ടേക്കര്‍ വ്യക്തമാക്കി. 1990-ല്‍ ആരംഭിച്ച മൂന്നു പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് ഈ 55-ാം വയസ്സില്‍ അദ്ദേഹം അവസാനിപ്പിച്ചത്. അദ്ദേഹത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയായ ‘അണ്ടര്‍ടേക്കര്‍: ദ ലാസ്റ്റ് റൈഡി’ന്റെ അഞ്ചാമത്തെയും അവസാനത്തെയും എപ്പിസോഡിലാണ് താന്‍ ഡബ്ല്യു.ഡബ്ല്യു.ഇ കരിയര്‍ അവസാനിപ്പിച്ചതായി അറിയിച്ചത്. റെസ്സല്‍മാനിയ 36-ല്‍ എ.ജെ സ്‌റ്റൈല്‍സിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം. ഏഴു തവണ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യനായിട്ടുണ്ട്. ആറു തവണ ടാഗ് ടീം കിരീടവും സ്വന്തമാക്കി. നിരവധി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ആരാധകര്‍ ഡെഡ് മാന്‍ എന്നു വിളിക്കുന്ന അണ്ടര്‍ടേക്കറുടെ ശവപ്പെട്ടിയില്‍ റിങ്ങിലേക്കുള്ള വരവ് ഏറെ പ്രസിദ്ധമായിരുന്നു.