2020-06-09 By Admin
തിരുവനന്തപുരം: 'പഠനത്തോടൊപ്പം ജോലി' ഈ അധ്യയന വർഷം തന്നെ നടപ്പാക്കാൻ സർക്കാർ തയാറെടുക്കുന്നു. ജോലിക്കുള്ള പ്രതിഫലം സർക്കാർ നിശ്ചയിക്കും. പഠന സമയത്തിനു ശേഷം എത്ര മണിക്കൂർ ജോലിചെയ്യണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒരു പൊതു വ്യവസ്ഥ ഉണ്ടാക്കും. ഇതിനായി ഒരു പ്രത്യേക പ്ളാറ്റ്ഫോമും തയാറാക്കും. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാർഥി നേതാക്കളുമായി നടന്ന കൂടിക്കാഴ്ച്ചയിൽ ഉയർന്നു വന്ന നിർദ്ദേശമാണ് സർക്കാർ പരിഗണിക്കുന്നത്. ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ കരട് റിപ്പോർട്ട് തയാറാക്കി. സംസ്ഥാനത്തെ കോളേജ് ക്‌ളാസ്സുകളുടെ സമയം രാവിലെ എട്ടര മുതൽ ഒന്നര വരെയാകാമെന്ന നിർദ്ദേശവും ഉയർന്നു വന്നിരുന്നു. അധ്യാപക സംഘടനകളുടെ എതിർപ്പ് ഇക്കാര്യത്തിൽ വന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.