2020-06-05 By Admin
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ മദ്യം കൊടുത്ത് കൂട്ട ബലാൽസംഗം ചെയ്ത കേസിൽ എല്ലാ പ്രതികൾക്കുമെതിരെ പോക്സോ കേസ് ചുമത്തും. കുട്ടിയുടെ മുന്നിൽവെച്ച് യുവതിയെ പീഡിപ്പിച്ചെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. കേസിലെ പ്രതികളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഭർത്താവ് ഉൾപ്പെടെ ഏഴു പേരാണ് പ്രതികൾ. യുവതിയുടെ മൊഴിയെടുത്തതിന് ശേഷം ശനിയാഴ്ച്ചയോടെയേ അറസ്റ്റ് രേഖപ്പെടുത്തു.
വ്യാഴാഴ്ച്ച വൈകിട്ട് കഠിനംകുളത്താണ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ മദ്യം കൊടുത്ത് പീഡിപ്പിച്ചത്. വഴിയരികിൽ അബോധാവസ്ഥയിൽ കിടന്ന യുവതിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. തുടർന്ന് ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ബലമായി മദ്യം നൽകിയ ശേഷം കടലോരത്തെ വീട്ടിൽ വെച്ചാണ് പീഡിപ്പിച്ചത്. പോത്തൻകോട്ടുള്ള വീട്ടിൽ നിന്നും യുവതിയെ വൈകിട്ടോടെ പുതുക്കുറിച്ചിയിലെ കടൽത്തീരത്തുള്ള വീട്ടിൽ എത്തിക്കുകയായിരുന്നു. ഭർത്താവാണ് തനിക്ക് മദ്യം നൽകിയതെന്നാണ് യുവതി പറയുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇവരുടെ വിശദ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.