2020-06-03 By Admin
കൊച്ചി: കാലടിയിൽ സിനിമ സെറ്റിന് വേണ്ടി താൽക്കാലികമായി നിർമ്മിച്ച ക്രിസ്ത്യൻ പള്ളി അണിയറപ്രവർത്തകർ പൊളിച്ചുനീക്കി. ബുധനാഴ്ച രാവിലെയാണ് പ്രൊഡക്ഷൻ കൺട്രോളറുടെ നേതൃത്വത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നിർമ്മാണ തൊഴിലാളികൾ പൊളിച്ചത്. ലോക്ഡൗൺ കാരണം ഷൂട്ടിങ് മുടങ്ങിയതിനാൽ സെറ്റ് നിലനിർത്തുകയായിരുന്നു. കാലവർഷം മുന്നിൽ കണ്ട് കാലടി ഗ്രാമ പഞ്ചായത്ത് സെറ്റ് പൊളിക്കാൻ ആവശ്യപ്പെട്ടിരുന്നു. മണൽപ്പുറത്തുള്ള മഹാദേവ ക്ഷേത്രത്തിനു സമീപം നിർമ്മിച്ചിരുന്ന സെറ്റ് കഴിഞ്ഞ 24 ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) എന്ന സംഘടനയുടെ യുവജന സംഘടനയായ രാഷ്ട്രീയ ബജ്‌രംഗ്ദൾ പ്രവർത്തകർ തകർത്തത് വിവാദമായിരുന്നു. സംഭവത്തെ തുടർന്ന് 50 ഓളം പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ അന്വേഷണം മരവിച്ചിരിക്കുകയാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന സിനിമക്ക് വേണ്ടിയാണ് സെറ്റിട്ടത്.