2020-06-01 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ അധ്യയനം തുടങ്ങി. എല്ലാ വർഷത്തെയും പോലെ പ്രവേശനോത്സവങ്ങളോ കൊട്ടും കുരവയുമോ ഒന്നും ഇല്ലാതെയാണ് ആധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് അധ്യയനം ആരംഭിച്ചത്. കൊറോണയുടെ ഭീതിയിൽ വിദ്യാലയങ്ങൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിക്ടേഴ്‌സ് ചാനൽ വഴി സംസ്ഥാനത്തെ ഒന്നുമുതൽ ബിരുദാനന്ദ ബിരുദം വരെയുള്ള വിദ്യാർഥികൾക്കായി ഓൺലൈൻ പഠനം ആരംഭിച്ചത്. ഒന്നാം ക്‌ളാസ്സു മുതൽ പന്ത്രണ്ടാം ക്‌ളാസ്സുവരെയുള്ള വിദ്യാർഥികൾക്ക് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസ്. വിക്ടേഴ്‌സ് ചാനൽ വഴി ഇന്ന് മുതൽ എട്ടാം തീയതി വരെ നടത്തുന്ന ക്ലാസുകൾ ട്രയൽ അടിസ്ഥാനത്തിലാണ്. എട്ടാം തീയതി മുതൽ 14 ആം തീയതി വരെ ആദ്യ ക്‌ളാസ്സുകൾ പുനഃസംപ്രേക്ഷണം ചെയ്യാനുള്ള നടപടികൾ വിക്ടേഴ്‌സ് ചാനൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി പുതിയ സമയക്രമം അനുസരിച്ചുള്ള രീതിയിലാകും ഓൺലൈൻ ക്ലാസുകൾ നടത്തുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാവിലെ 8.30 മുതൽ 1.30 വരെയാണ് ക്ലാസുകൾ. കോളേജ് സ്ഥിതി ചെയ്യുന്ന ജില്ലകളിലെ അധ്യാപകർ പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന റൊട്ടേഷൻ ക്രമത്തിൽ കോളേജിൽ ഹാജരാകണം. മറ്റുള്ളവർ വീടുകളിലിരുന്നു ക്‌ളാസുകൾ കൈകാര്യം ചെയ്യണം.