2020-06-01 By Admin
തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. ഇന്ന് രാവിലെയാണ് നാല് ഷട്ടറുകൾ രണ്ട് ഇഞ്ച് വീതം തുറന്നത്. വേനൽ മഴ കനത്തതോടെയാണ് ഡാമിന്റെ ജലനിരപ്പ് ഉയർന്നത്. 80.100 അടി വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിന്റെ സംഭരണ ശേഷി 84.75 മീറ്ററാണ്. കാല വർഷം കനക്കുമെന്നത് മുന്നിൽ കണ്ടാണ് ഷട്ടറുകൾ തുറന്നത്. ഞായറാഴ്ച്ച ഡാമിൽ 79.24 മീറ്റർ വെള്ളമാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ ജില്ലാ കളക്ടർ ഉൾപ്പെടെ ഡാം സന്ദർശിച്ചിരുന്നു. ഡാമിൽ ഇനിയും വെള്ളം ഉയരാനാണ് സാധ്യത. ഡാമിലേക്ക് വരുന്ന പ്രധാന നദികളായ കല്ലാർ, മുല്ലയാർ, നെയ്യാർ തുടങ്ങിയ നദികളിലെല്ലാം കനത്ത വെള്ളമാണുള്ളത്. നദികളുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.