2020-05-25 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ രണ്ടാമതും റാൻഡം സാമ്പിൾ പരിശോധന നടത്താൻ തീരുമാനം. നിരവധി പേർക്ക് രോഗം എവിടെ നിന്ന് ബാധിച്ചെന്ന് കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. ഒറ്റ ദിവസം 3000 പേരുടെ സാമ്പിളുകളായിരിക്കും പരിശോധനക്കായി എടുക്കുക. ചൊവ്വാഴ്ച മുതൽ ഹോട്സ്പോട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള പൊതുജനങ്ങളിൽ നിന്നും സാമ്പിൾ ശേഖരിക്കും. രണ്ടാം തവണയാണ് സംസ്ഥാനത്ത് റാൻഡം സാമ്പിൾ പരിശോധന നടത്തുന്നത്. ഏപ്രിൽ 26 നായിരുന്നു ആദ്യം റാൻഡം സാമ്പിൾ പരിശോധന നടത്തിയത്. രോഗ ലക്ഷണം ഇല്ലാത്തവർ, സമ്പർക്ക പട്ടികയിൽ ഇല്ലാത്തവർ, മുതിർന്ന പൗരന്മാർ, വിദേശ യാത്ര നടത്താത്തവർ, ഗർഭിണികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരിൽ നിന്നും സാമ്പിൾ ശേഖരിക്കും. ഇവ പി.സി.ആർ പരിശോധനക്ക് വിധേയമാക്കും.