2020-05-24 By Admin
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി രണ്ടു തവണ പാമ്പുകടിയേറ്റ് മരിച്ചത് കൊലപാതകം. ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊല്ലുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സൂരജ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. സൂരജിനെക്കൂടാതെ പാമ്പിനെ നൽകിയ കല്ലുവാതുക്കൽ സ്വദേശിയും പാമ്പ് പിടിത്തക്കാരനുമായ സുരേഷിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ചെറിയ മാനസിക പ്രശ്നം ഉണ്ടായിരുന്ന ഉത്രയെ ഇല്ലാതാക്കി വേറൊരു വിവാഹത്തിന് ഉദ്ദേശിച്ചിരുന്നതായി സൂരജ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 10,000രൂപയ്ക്കാണ് സുഹൃത്തായ സുരേഷിൽ നിന്നും ഇയാൾ മൂർഖനെ വാങ്ങിയത്. പാമ്പിനെക്കുറിച്ചുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിന് വേണ്ടിയാണ് പാമ്പിനെ വാങ്ങുന്നതെന്നാണ് ഇയാൾ പാമ്പ് വില്പനക്കാരനെ പറഞ്ഞു വിശ്വസിപ്പിച്ചത്.
സംഭവ ദിവസം ഇയാൾ വീട്ടിലെ മുറിയിൽ രാത്രി പാമ്പിനെ തുറന്നു വിടുകയും ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കിയിരിക്കുകയും ചെയ്തു. തുടർന്ന് രാവിലെ വരെ ഇയാൾ റൂമിൽ ഉറങ്ങാതെ ഇരുന്നതായും പോലീസിനോട് വെളിപ്പെടുത്തി. ഉത്രക്ക് കല്യാണ സമയത്ത് നൽകിയ 107 പവൻ സ്വർണ്ണത്തിൽ 92 പവൻ സ്വർണം ലോക്കറിൽ നിന്ന് ഇയാൾ എടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.