2020-05-21 By Admin
കൊച്ചി: കഴിഞ്ഞ ആറു വർഷത്തെ കരാർ അവസാനിപ്പിച്ച് സന്ദേശ് ജിങ്കാൻ ബ്ലാസ്റ്റേഴ്‌സ് എഫ്.സി.വിട്ടു. ജിങ്കനുമായുള്ള കരാർ അവസാനിപ്പിച്ചെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. പരസ്പര ധാരണ പ്രകാരമാണ് നടപടിയെന്ന് ക്ലബ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. പുതിയ വെല്ലുവിളികൾ തേടി ജിങ്കാൻ ഞങ്ങളുടെ കുടുംബം വിടുന്നു. കഴിഞ്ഞ ആറ് വർഷവും ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. അദ്ദേഹത്തിന്റെ വളർച്ചയിൽ കൂടെ നിൽക്കാനും പിന്തുണയ്ക്കാനും കഴിഞ്ഞതിൽ ക്ലബ്ബിനു അഭിമാനമുണ്ട്. കഴിഞ്ഞ ആറുവർഷത്തിനിടെ ജിങ്കാൻ രാജ്യത്തെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി. ഞങ്ങളുടെ വൻ മതിലിനു ഇനിയുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയട്ടെയെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകൾ അറിയിക്കുന്നതായും ക്ലബ്ബ് വ്യക്തമാക്കി.
ജിങ്കനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ജഴ്സി നമ്പറായ 21 ഇനി മറ്റൊരു താരത്തിനും നൽകില്ലെന്നും ക്ലബ് മാനേജ്‌മന്റ് വ്യക്തമാക്കി. ബ്ളാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് ഉൾപ്പെടെയുള്ളവർ ജിങ്കന് ആശംസകളുമായെത്തി.