2020-05-19 By Admin
കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയിൽ നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പിന്തിരിപ്പിക്കാൻ വന്ന പോലീസിനെതിരെയും പ്രതിഷേധമുണ്ടായി. ഏറെ നേരത്തെ പ്രരിശ്രമത്തിനു ശേഷം ഇവരെ ക്യാമ്പുകളിലേക്ക് തിരിച്ചയച്ചു. ഇവിടെ ക്യാംപിലുണ്ടായിരുന്ന ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിപ്പോയിരുന്നു. അതിനുശേഷം ബീഹാറിൽ നിന്നുള്ള തൊഴിലാളികളായിരുന്നു ഈ ക്യാംപിൽ ഉണ്ടായിരുന്നത്. തങ്ങൾക്കും ഉടൻ മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ടാണ് ഇവർ സംഘടിച്ച് പ്രതിഷേധിച്ചത്. ഇന്നലെയും ഇവർ പ്രതിഷേധിച്ചുവെങ്കിലും നാട്ടുകാർ ഇടപെട്ട് ഇവരെ ക്യാമ്പുകളിലേക് വിട്ടു. ഇന്ന് കൂടുതൽ തൊഴിലാളികൾ സംഘടിച്ച് പ്രതിഷേധിച്ചു. മടങ്ങിപ്പോകാൻ സ്ഥലത്തെത്തിയ പോലീസ് ഇവരോട് ഈ മാസം 20 നെ ഇനി ട്രെയിൻ ഉള്ളു എന്ന് അറിയിച്ചെങ്കിലും ഉടൻതന്നെ മടങ്ങിപ്പോകണമെന്നുള്ള നിലപാടിലായിരുന്നു തൊഴിലാളികൾ. അങ്ങനെയെങ്കിൽ സ്വകാര്യ ബസ് ഏർപ്പെടുത്തമെന്നും തൊഴിലാളികൾ സ്വന്തം നിലയിൽ പണം മുടക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. അതിനു ഇവർ തയാറായില്ല. പ്രതിഷേധത്തിനിടെ എസ് ഐയുടെ ലാത്തി പിടിച്ചുവാങ്ങി ഒരു തൊഴിലാളി അദ്ദേഹത്തെ മർദ്ദിച്ചതായും നാട്ടുകാർ പറയുന്നു.