2020-05-19 By Admin
തിരുവനന്തപുരം;സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നാളെമുതൽ പരിമിതമായ രീതിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ജില്ലകൾക്കുള്ളിൽ മാത്രമാണ് സർവീസ് നടത്തുക. സ്വകാര്യ ബസ് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്നും കാര്യങ്ങളെ അവർ യാഥാർഥ്യ ബോധത്തോടെ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗതമന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകൾ ജനങ്ങളുമായി സഹകരിച്ചുകൊണ്ട് സർവീസ് നടത്താൻ തയാറാകണം. മൂന്നു മാസത്തെ നികുതി ഒഴിവാക്കിയിട്ടുണ്ട്.ഇതിലൂടെ സർക്കാരിന് 36 കോടിയുടെ നഷ്ടമാണുണ്ടാവുക. സ്വാകാര്യ ബസുടമകൾ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ലാത്തതിനാൽ ചർച്ചയുടെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകൾ തുടങ്ങുമ്പോഴേക്കും ബസുടമകൾ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ലോക് ഡൗണിന്റെ നാലാം ഘട്ടത്തിൽ നിബന്ധനകൾക്ക് വിധേയമായി പൊതു ഗതാഗതത്തിനു സർക്കാർ അംഗീകാരം നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയായി വർധിപ്പിക്കുകയും ചെയ്തിരുന്നു.