2020-05-12 By Admin
അഹമ്മദാബാദ്: വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചുവെന്നും മന്ത്രി പദവി ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഗുജറാത്തിലെ ബി ജെ പി മന്ത്രിസഭയിലെ മുതിർന്ന ക്യാബിനറ്റ് അംഗമായ മന്ത്രി ഭൂപേന്ദ്ര സിംഗ് ചുദാസാമയുടെ 2017 ലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് നടപടി. 429 പോസ്റ്റൽ ബാലറ്റ് വോട്ടുകൾ അനധികൃതമായി റദ്ദാക്കിയെന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായ അശ്വിൻ റാത്തോഡ് ഉന്നയിച്ച വാദം കോടതി ശരിവെക്കുകയായിരുന്നു. 327 വോട്ടുകൾക്കാണ് ഭൂപേന്ദ്ര സിംഗ് ചുദാസാമ അഹമ്മദാബാദിലെ ധോൽക മണ്ഡലത്തിൽ നിന്നും വിജയിച്ചത്.
വോട്ടെണ്ണൽ കേന്ദ്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റിട്ടേണിങ് ഓഫീസറും ധോൽക ഡെപ്യൂട്ടി കളക്ടറുമായ ധവൽജാനി മന്ത്രിക്കുവേണ്ടി വോട്ടെണ്ണലിൽ കൃത്രിമം നടത്തിയെന്ന് തെളിയുകയായിരുന്നു. കേസ് വാദം കേൾക്കുന്നതിനിടെ ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി വിധി പ്രസ്താവിച്ചത്. വിധി ബി ജെ പി ക്ക് വലിയ തിരിച്ചടിയായി. 2018 ജനുവരിയിലാണ് കേസ് കോടതിയിലെത്തിയത്.