2020-05-12 By Admin
ന്യൂഡൽഹി: കേരളത്തിലേക്ക് തിരികെ വരാനായി രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും റെയിൽ വേ ടിക്കറ്റ് എടുക്കുന്നവർ സർക്കാരിന്റെ 'കോവിഡ്-19 ജാഗ്രത' പോർട്ടലിൽ പാസ്സിനായി അപേക്ഷിക്കണം. മറ്റ് മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി ട്രെയിൻ മാർഗം വരുന്നു എന്ന് കാണിച്ച് പുതിയ അപേക്ഷ സമർപ്പിക്കണമെന്നും സർക്കാർ വ്യക്തമാക്കി. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിവരങ്ങൾ ഒരു ഗ്രൂപ്പായി അപേക്ഷയിൽ രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, പിഎൻആർ നമ്പർ, ട്രെയിൻ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. ട്രെയിനിൽ എത്തുന്നവരെ നിരീക്ഷിക്കാൻ സർക്കാർ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇറങ്ങുന്ന സ്റ്റേഷനിൽ വിശദാംശങ്ങൾ പരിശോധിക്കുകയും രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ 14 ദിവസം ഹോം ക്വാറന്റൈനിൽ പോകേണ്ടതുമാണ്. ഹോം ക്വാറന്റൈൻ പാലിക്കാത്തവരെ നിർബന്ധമായി ഇൻസ്റ്റി റ്റ്യുഷണൽ ക്വാറന്റൈനിലേക്ക് മാറ്റും. യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനം അനുവദിക്കും.ഇത്തരം വാഹനത്തിന്റെ ഡ്രൈവറും ഹോം ക്വാറന്റൈൻ സ്വീകരിക്കണം. റെയിൽവേ സ്റ്റേഷനിൽ നിന്നും കെഎസ്ആർടിസി വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും.