2020-05-12 By Admin
കൊല്ലം: മിനിറ്റുകൾക്കുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന പരിശോധന വ്യാപകമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി 45 മിനിറ്റിൽ പരിശോധനാ ഫലം ലഭിക്കുന്ന 19 ഉപകരണങ്ങൾ കൂടി ലഭ്യമാക്കും. പ്രവാസികളും ഇതരസംസ്ഥാനക്കാരും സംസ്ഥാനത്തേക്ക് കൂടുതലായി എത്തി തുടങ്ങിയതോടെയാണ് തീരുമാനം. സ്വകാര്യ മേഖലയിലും ഈ പരിശോധനക്ക് അനുമതി നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചിപ്പ് അടിസ്ഥാനമാക്കിയുള്ള പിസിആർ പരിശോധന തന്നെയാണ് ഇതും. ക്ഷയ രോഗ പരിശോധന ഈ രീതിയിലാണ് നടത്തുന്നത്. ഇതിനു യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഉപയോഗിക്കാതെ പരിശോധന നടത്താനാകും. സ്ക്രീനിംഗ് പരിശോധനക്ക് മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നതെങ്കിൽ രോഗം സ്ഥിരീകരിക്കുന്നതിനും ഇത് ഉപയോഗിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഈ ഉപകരണത്തിൽ ഒരേ സമയം നാല് പരിശോധനകൾ നടത്താൻ കഴിയും. നിലവിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.