2020-05-09 By Admin
ലോക് ഡൗൺ മൂലം ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച മേഖലകളിൽ ഒന്നാണ് സിനിമാ മേഖല. കോവിഡ് 19 മൂലം വൻ പ്രതിസന്ധിയാണ് സിനിമാ മേഖലക്ക് മൊത്തത്തിൽ ഉണ്ടായിരിക്കുന്നത്. കോടിക്കണക്കിനു രൂപ ചിലവിട്ട് നിർമിച്ച സിനിമകൾ റിലീസ് ആകാതെ പ്രതിസന്ധിയിലാണ്. കോവിഡ് വ്യാപനം മൂലം ആദ്യം നിശ്ചലമായതും സിനിമാ മേഖലയാണ്. സിനിമാ മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് തന്റെ പ്രതിഫലം 25 ശതമാനം കുറച്ചിരിക്കുകയാണ് തമിഴ് സിനിമാ സംവിധായകൻ ഹരി. താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് സ്ഥിരം വാങ്ങുന്ന പ്രതിഫലത്തേക്കാൾ 25 ശതമാനം കുറഞ്ഞ തുകയേ വാങ്ങുള്ളൂ എന്നാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്.
സൂര്യ നായകനായ 'അറുവാ' ആണ് ഹരിയുടെ പുതിയ ചിത്രം. റാഷി ഖന്നയാണ് ചിത്രത്തിലെ നായിക. സംവിധായകന്റെ തീരുമാനത്തെ അഭിനന്ദിച്ച് തമിഴ് സിനിമ മേഖലയിലെ നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയും നടൻ ഹരീഷ് കല്യാണും തങ്ങളുടെ പ്രതിഫലം കുറക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.