2020-05-09 By Admin
കൊല്ലം: ലോക് ഡൗൺ മൂലം അടച്ചിട്ടിരുന്ന കശുഅണ്ടി ഫാക്ടറികൾ നിയന്ത്രണങ്ങളോടെ പ്രവർത്തനം പുനരാരംഭിച്ചു. കാഷ്യു കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ഫാക്ടറികളാണ് തുറന്നത്. ഷെല്ലിങ് ജോലികളാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവുക. 50 ശതമാനം ജോലിക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ തൊഴിലെടുക്കും. ജോലിക്ക് ഹാജരാകുന്നവർക്ക് കർശന നിബന്ധനകളാണുള്ളത്. മുഖാവരണം നിർബന്ധമാണ്.സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകിയതിനു ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം. ജോലി സ്ഥലത്ത് തുപ്പാൻ പാടില്ല. മുറുക്ക്, പുകവലി എന്നിവ നിരോധിച്ചു. പനി, ജലദോഷം, ശ്വാസ തടസം എന്നിവ ഉള്ളവരെ ജോലിക്ക് പ്രവേശിപ്പിക്കില്ല.
ഫാക്ടറികൾ തുറക്കുന്നതിനു മുൻപ് അണുവിമുക്തമാക്കുകയും പരിസര ശുചീകരണം നടത്തുകയും ചെയ്തു. ഇതിനു ശേഷമാണ് ഫാക്ടറികൾ തുറന്നത്. വിദേശ തോട്ടണ്ടിയും നാടൻ തോട്ടണ്ടിയും ഉപയോഗിച്ച് മുടങ്ങാതെ തൊഴിൽ നൽകാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു.