2020-05-09 By Admin
ഇടുക്കി: സംസ്ഥാനത്ത് വേനൽ മഴ കനത്തതോടെ പ്രധാന അണക്കെട്ടായ ഇടുക്കി ഡാമിലെ ജല നിരപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ 16 അടിയുടെ വർധന. ഈ നിലയിൽ വേനൽ മഴ ശക്തമാവുകയാണെങ്കിൽ കാല വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്നാണു ആശങ്ക. അണക്കെട്ടിൽ നിലവിലെ ജല നിരപ്പ് 2348 അടിയാണ്. ഇത് സംഭരണ ശേഷിയുടെ 45 ശതമാനം വരും. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഡാമിലെ ജലനിരപ്പ് 2332 അടി മാത്രമായിരുന്നു. ലോക് ഡൗണായതിനാൽ സംസ്ഥാനത്ത് വാണിജ്യ സ്ഥാപനങ്ങളും വ്യവസായ ശാലകളും പൂട്ടിക്കിടക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം കുറവാണ്. അതിനാൽ ഇടുക്കിയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനവും വെട്ടിച്ചുരുക്കി. ഇതാണ് ഡാമിൽ ജലനിരപ്പ് താഴാത്തതിനുള്ള പ്രധാന കാരണം.
കാലവർഷം ഇത്തവണ ജോൺ ഒന്നിന് തന്നെ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കിൽ ജൂലൈയിൽ ഡാം നിറയാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാൻ ചെറു ഡാമുകളിലെ വൈദ്യുതി ഉത്പാദനം കുറച്ച് ഇടുക്കിയിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം കൂട്ടാനാണ് വൈദ്യുതി വകുപ്പ് ആലോചിക്കുന്നത്.