2020-05-05 By Admin
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നതിനുള്ള ഓർഡിനൻസിന് സ്റ്റേയില്ല. ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സർക്കാരിന്റെ അധികാരത്തിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി.
നേരത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് മാസങ്ങളിലായി പിടിക്കാനിരുന്ന ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന നിഗമനത്തിലെത്തിയതിനെ തുടർന്നാണിത്. എന്നാൽ പിടിക്കുന്ന ശമ്പളം എപ്പോൾ തിരികെ നൽകുമെന്നതടക്കം കോടതി ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം ഓർഡിനൻസിൽ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അധികാരമുണ്ടെന്നും വ്യക്തിയുടെ മൗലികാവകാശത്തെ ഹനിക്കുന്നതായ യാതൊന്നും ഓർഡിനൻസിൽ ഇല്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുധാകര പ്രസാദ് കോടതിയെ അറിയിച്ചു.
നിയമസാധുത ഇല്ലെന്ന കാരണത്താലാണ് സർക്കാരിന്റെ മുൻ ഉത്തരവ് റദ്ദാക്കിയത്. എന്നാൽ നിയമത്തിന് തുല്യമായ ഓർഡിനൻസിൽ പെട്ടെന്ന് ഇടപെടാനാകില്ലെന്ന് കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നു. അതിനാൽ ഇടക്കാല ഉത്തരവില്ല. ശമ്പള ഓർഡിനൻസ് ചോദ്യം ചെയ്ത ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു.