2020-05-05 By Admin
ലോക്ക്ഡൗൺ കാലത്ത് വീട്ടിലാണെങ്കിലും സർക്കാരിന്റെ ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. ഇപ്പോൾ അദ്ദേഹത്തിന്റെ കരുതൽ എത്ര മാത്രമാണെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഗായകൻ വിധു പ്രതാപ്.
അന്വേഷണം ഏറ്റവും കൂടുതൽ ആവശ്യമായ ഈ സമയത്ത് ചുറ്റുമുള്ളവർ എങ്ങനെയിരിക്കുന്നു എന്നറിയാൻ മനസ്സ് കാണിച്ചതിന് മോഹൻലാലിന് നന്ദി പറയുകയാണ് വിധു. അത്തരത്തിൽ തന്നെയും അദ്ദേഹം വിളിച്ച് ക്ഷേമ വിവരങ്ങൾ അന്വേഷിച്ചെന്നും താരം പറയുന്നു. രണ്ട് വ്യത്യസ്‍തമായ കാലഘട്ടത്തിലെ മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഫെയ്‌സ്ബുക്കിലൂടെയാണ് വിധു ഇക്കാര്യം അറിയിച്ചത്.
പോസ്റ്റിന്റെ പൂർണ്ണരൂപം.
പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം....ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും..