2020-05-05 By Admin
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ മടങ്ങിയെത്തും. അടുത്ത ഒരാഴ്ച പ്രവാസികൾക്കായി 84 വിമാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 13 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരാണ് രാജ്യത്തേക്കെത്തുന്നത്.
ആദ്യ ദിവസം കേരളത്തിലേക്ക് നാല് വിമാനങ്ങളാണ് എത്തുക. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനം കൊച്ചിയിലും ദുബായിയിൽ നിന്നുള്ള വിമാനം കോഴിക്കോടുമെത്തും. ആദ്യ ദിവസം കേരളത്തിലേക്ക് എത്തുന്നത് 800 പ്രവാസികളാണ്.
12 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസീ മലയാളികളാണ് വ്യാഴാഴ്ച മുതൽ എത്തിത്തുടങ്ങുക. അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്, മസ്കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവടങ്ങളിൽ നിന്നായി പതിനഞ്ച് വിമാനങ്ങൾ ആദ്യ ആഴ്ചയിൽ കേരളത്തിലെത്തിച്ചേരും. ഒരു വിമാനത്തിൽ 200 പേരാണുണ്ടാവുക.
തമിഴ്നാട്ടിലേക്കും ഡൽഹിയിലേക്കും പതിനൊന്ന് വിമാനങ്ങൾ വീതമാണ് എത്തുക. വിദേശ ഇന്ത്യക്കാരെ നാട്ടിലേക്കിക്കുന്നതിനായി ആറ് വിമാനങ്ങൾ അമേരിക്കയിലേക്ക് അയക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
അതേസമയം വിദേശത്തുള്ള പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബായിലേക്കും മാലിദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകളും യാത്ര തിരിച്ചിട്ടുണ്ട്. മാലിദ്വീപിലേക്ക് രണ്ടു കപ്പലുകളും ദുബായിലേക്ക് ഒരു കപ്പലുമാണ് പോയിരിക്കുന്നത്.