2020-05-04 By Admin
കൊവിഡ് കാലത്ത് പ്രതിസന്ധിയിലായപ്പോൾ ഒരു ലക്ഷത്തോളം ആളുകളാണ് കഴിഞ്ഞ 104 ദിവസങ്ങളായി ദിശ ഹെൽപ് ലൈനിനെ ആശ്രയിച്ചത്. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ അതായത് കഴിഞ്ഞ ജനുവരി 22 നാണ് ദിശയെ കൊവിഡ് ഹെൽപ് ലൈനാക്കിയത്. ഈ ദിവസങ്ങളിലായി ദിശയെ തേടിയെത്തിയത് ഒരു ലക്ഷത്തിൽ പരം വിളികളാണ്.
വീടുകളിലെ നിരീക്ഷണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ച് കൊണ്ടുള്ള കോളുകളാണ് ഏറ്റവും കൂടുതൽ വന്നത്. രോഗലക്ഷണങ്ങൾ ചോദിച്ച് കൊണ്ടുള്ളതും ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതും മരുന്നുകളുടെ ലഭ്യതയ്ക്കായി വിളിച്ചവരുമാണ് പിന്നെയുള്ള സ്ഥാനങ്ങളിൽ. അതിൽ ഏറ്റവും കൂടുതൽ വിളികളെത്തിയത് തിരുവനന്തപുരം ജില്ലയിൽ നിന്നും ഏറ്റവും കുറവ് വയനാട് ജില്ലയിൽ നിന്നുമാണ്. ഇതിൽ 10 ശതമാനം കോളുകൾ കേരളത്തിന് പുറത്ത് നിന്നും വന്നതാണ്.
കേരള ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്നുള്ള സംയുക്ത സംരംഭമായി 2013 മാർച്ചിലാണ് ടെലി മെഡിക്കൽ ഹെൽത്ത് ഹെൽപ് ലൈനായ ദിശ 1056 ആരംഭിച്ചത്. ദിശ 1056, 0471 2552056 എന്നീ നമ്പരിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്. സംശയ ദൂരീകരണത്തിന് പരിചയ സമ്പന്നരായ സോഷ്യൽവർക്ക് പ്രൊഫഷണലുകളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ടതാണ് ദിശ.
പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ ജനങ്ങൾ നേരിട്ടപ്പോഴും ജനങ്ങൾക്ക് സഹായകമായി ദിശ പ്രവർത്തിച്ചിരുന്നു.