2020-05-02 By Admin
മലയാളികളുടെ പ്രിയ സംവിധായകൻ സിബി മലയിലിന്റെ 64 ആം പിറന്നാളാണ് ഇന്ന്. മലയാളിയുടെ എക്കാലത്തെയും പ്രിയ സംവിധായകന്മാരുടെ പട്ടികയിൽ സിബി മലയിലിന്റെ സ്ഥാനം വളരെ വലുതാണ്. കമലദളം, സദയം, ആകാശദൂത്, ദേവദൂതൻ, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ എന്നിങ്ങനെ മലയാളം ഇന്നും കാണാൻ ആഗ്രഹിക്കുന്ന എത്രയെത്ര ചിത്രങ്ങളാണ് അദ്ദേഹം ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചത്.
പിറന്നാൾ ദിനത്തിൽ സിബി മലയിലിന് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ സംവിധായകരുടെ സംഘടനയായ ഫെഫ്ക. ഫെയ്സ്‌ബുക്കിലൂടെയാണ് ഫെഫ്ക ആശംസകൾ അറിയിച്ചത്.
ഫെഫ്കയുടെ കുറിപ്പ് വായിക്കാം
മലയാളികളുടെ സിബി മലയിലിന് പിറന്നാൾ ആശംസകൾ ..!!
മലയാളികൾ എന്നും ഓർത്തുവെക്കുന്ന ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. ദേശീയ, സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ സദയം , കിരീടം, തനിയാവര്‍ത്തനം, കാണാക്കിനാവ് , ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഭരതം തുടങ്ങി 40ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ലോഹിതദാസ് , എം ടി , രഞ്ജിത്ത് , ഡെന്നീസ് ജോസഫ് , ടി എ റസാഖ് , ശ്രീനിവാസൻ , എസ് എൻ സ്വാമി തുടങ്ങിയവരുടെ തിരക്കഥയിൽ അദ്ദേഹം ഒരുക്കിയ സിനിമകൾ മലയാള സിനിമയുടെ ഭാഗ്യ കാലത്തിന്റെ അടയാളങ്ങളായി കണക്കാക്കപ്പെടുന്നു .
മലയാള ചലച്ചിത്ര ഗാനശാഖക്ക് മികച്ച ഗാനങ്ങൾ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സമ്മാനിച്ചു .ഗാനചിത്രീകരണങ്ങളിൽ തിരക്കഥയുടെ അടിസ്ഥാനമായി വർത്തിച്ച ഭാവ താളങ്ങളെക്കൂടി പരിഗണിച്ചു . കേരളീയ ജീവിത പരിസരം യാഥാർഥ്യ ബോധത്തോടെ സമന്വയിപ്പിച്ചു . സംഘട്ടന ദൃശ്യങ്ങളിൽ കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരങ്ങൾക്ക് കൂടി പ്രാധാന്യം നൽകി . ജനപ്രിയ സിനിമ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുക മാത്രമല്ല വമ്പിച്ച വാണിജ്യ വിജയം തന്റെ ചിത്രങ്ങൾക്ക് സമ്മാനിക്കുകയും ചെയ്തു , മലയാള കുടുംബ പ്രേക്ഷകരുടെ ഈ പ്രിയ സംവിധായകൻ .
ഒട്ടേറെ പുതുതലമുറ ചലച്ചിത്ര പ്രവർത്തകർക്ക് സിനിമയിലേക്ക് വരാൻ പ്രചോദനമായത് സിബി മലയിൽ ചിത്രങ്ങളാണെന്ന് പലരും അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട് . അക്കാദമിക് അംഗീകാരങ്ങളും പ്രദർശനവിജയവും കരസ്ഥമാക്കിയ തമിഴ് സംവിധായകൻ വെട്രിമാരൻ അദ്ദേഹത്തിന്റെ സിനിമകളിലെ ഫാമിലി റെഫറൻസ് സിബി മലയിൽ ചിത്രങ്ങളാണെന്ന് IFFK വേദിയിൽ പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.
തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്ക്കൂള്‍, ആലപ്പുഴ ലിയോ തേര്‍ട്ടിന്ത്, ചങ്ങനാശ്ശേരി സെന്റ് ബര്‍ക്‌മെന്‍സ്, എസ് ഡി കോളേജ് ആലപ്പുഴ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നവോദയത്തില്‍ എം ബി പുന്നൂസ് ( അപ്പച്ചന്റെ ) സംവിധാന സഹായിയായി.ജിജോ, പ്രീയദര്‍ശന്‍, ഫാസിൽ എന്നിവരുടെ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് .
ശ്രീനിവാസന്റെ തിരക്കഥയിൽ 1985 ൽ മുത്താരംകുന്നു് പി ഒ എന്ന ചിത്രം ഒരുക്കിക്കൊണ്ട് സ്വതന്ത്ര സംവിധായകനായി.ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ആകാശദൂത് , സദയം എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടി. ഭരതം, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ക്കു് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമി ഭരണ സമിതി അംഗമാണ് . മലയാള ചലച്ചിത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയുടെ പ്രസിഡന്റ് ആണ്.
മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ വൈഭവം ഏറ്റവും കൂടുതല്‍ ഒപ്പിയെടുത്തത് സിബി മലയിലിന്റെ ക്യാമറ കണ്ണുകളാണ് . കിരീടവും, ചെങ്കോലും, ഭരതവും, ദശരഥവുമൊക്കെ പ്രേക്ഷക മനസ്സിന്റെ വിങ്ങലായപ്പോള്‍ സിബി മലയിൽ - ലോഹിതദാസ് കൂട്ട്കെട്ട് മലയാള സിനിമക്ക് പുതിയ ഭാവുകത്വം സമ്മാനിച്ചു .
ഇന്ത്യൻ സിനിമ ഇനിയും അക്കാദമിക്ക് തലത്തിൽ ഏറെ പഠിക്കേണ്ടിയിരിക്കുന്ന ലോഹിതദാസ് എന്ന അതുല്യ സ്‌ക്രീൻ റൈറ്ററെ സിനിമയിൽ അവതരിപ്പിച്ചതും സിബി മലയിൽ ആണ്.
മലയാള ചലച്ചിത്ര ലോകത്തെ തലയെടുപ്പുള്ള സംവിധായകൻ ശ്രീ സിബി മലയിലിന്റെ ജന്മദിനമാണിന്ന്. ശ്രീ സിബി മലയിലിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആയുരാരോഗ്യ സൗഖ്യം നേരുന്നു.