2020-04-30 By Admin
ഹൃദയഭേദകമായ രണ്ട് വാർത്തകൾ കേട്ടുകൊണ്ടാണ് ഏപ്രിൽ കടന്ന് പോകുന്നത്. ഇർഫാൻ ഖാൻ എന്ന അതുല്യ പ്രതിഭയുടെ വിയോഗത്തിൽ മനംനൊന്തിരിക്കെയാണ് അടുത്ത മരണ വാർത്തയെത്തിയത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യൻ സിനിമക്ക് ഋഷി കപൂറിനേയും നഷ്ടമായത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്ന ചിത്രമാണ് ഋഷിയും ഇർഫാനും ഒന്നിച്ച് യാത്ര ചെയ്യുന്ന ഒരു ചിത്രം. ഇരുവരും ഒന്നിച്ച 'ഡി ഡേ' എന്ന സിനിമയുടെ ചിത്രീകരണ വേളയിലെടുത്ത ചിത്രമാണ് പ്രചരിക്കുന്നത്. 'സ്വർഗത്തിലേക്കുള്ള യാത്രയിലാണ് ഇരുവരും' എന്ന അടിക്കുറിപ്പോടെ ആരോ പങ്കുവച്ച ചിത്രമാണത്. ശരിയാണ്. ഇരുവരും ഒരുമിച്ച് യാത്ര നടത്തിയിരിക്കുകയാണ്. മടങ്ങി വരാത്ത യാത്ര.
ഇരുവരെയും ഒരുപോലെ ബാധിച്ചത് ക്യാൻസർ എന്ന രോഗമായിരുന്നു. 2018 ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഇതേ വർഷം തന്നെയാണ് ഋഷി കപൂറിനും കാൻസർ സ്ഥിരീകരിച്ചത്. ചലച്ചിത്ര മേഖലയിൽ നിന്ന് ഏറെക്കാലമായി വിട്ട് നിന്ന ഋഷി ന്യൂയോർക്കിലെ കാൻസർ ചികിത്സക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്താനിരിക്കെയാണ് വിധി വില്ലനായത്.
ലണ്ടനിലെ ചികിത്സക്ക് ശേഷം ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് മടങ്ങി വന്നിട്ടുണ്ട് ഇർഫാൻ. വീണ്ടും അയാൾ മടങ്ങിവരുമെന്ന് നമ്മളും പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ മാത്രം ബാക്കിയാക്കി ഇരുവരും മടങ്ങുകയാണ്. ആരോ കുറിച്ചപോലെ സ്വർഗത്തിലേക്കുള്ള യാത്രയിലാണവർ.