2020-04-29 By Admin
ന്യൂഡൽഹി: രാജ്യത്ത് രോഗബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. 1,897 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,007 ആയി. 24 മണിക്കൂറിനിടെ എഴുപതോളം പേരാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 31,332 പേർക്ക് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7,695 പേർ ഇതുവരെ രോഗത്തിൽ നിന്നും മുക്തി നേടി.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളതും മരണങ്ങൾ സംഭവിച്ചതും. ഇന്നലെ മാത്രം സംസ്ഥാനത്ത് 31 പേരാണ് മരിച്ചത്. ഇതോടെ മഹർഷ്‌ട്രയിൽ ആകെ മരിച്ചവരുടെ എണ്ണം 400 കടന്നു. മുംബൈയില്‍ 393 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗബാധിതരുടെ എണ്ണം 5,982 ആയി.
ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസം സ്വദേശിയായ ഒരു സി.ആർ.പി.എഫ് ജവാനും ഇന്നലെ മരണത്തിനു കീഴടങ്ങി. ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 3,774 ആയി. മരണം 181 കടന്നു. മധ്യപ്രദേശില്‍ രോഗം സ്ഥിരീകരിച്ചവര്‍ 2387 ഉം മരണസംഖ്യ 120 മാണ്.