2020-04-24 By Admin
'ക്രിക്കറ്റ് എന്നാൽ ഞങ്ങളുടെ മതവും, സച്ചിൻ എന്നാൽ ഞങ്ങളുടെ ദൈവവുമാണ്' എന്ന വാചകം ഇന്ത്യൻ പത്രത്താളുകളിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വാചകങ്ങളാണ്. ഇന്ത്യൻ ജനതയുടെ മനസുകളിൽ പതിറ്റാണ്ടുകളായി വിഹരിക്കുന്ന ക്രിക്കറ്റിന്റെ ദൈവം ഇന്ന് 47 വയസ്സിന്റെ നിറവിലാണ്.
കോടിക്കണക്കിന് ജനങ്ങളാണ് സച്ചിൻ എന്ന പ്രതിഭ കാരണം ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. റെക്കോർഡുകൾക്ക് മേലെ റെക്കോർഡുകൾ കൊയ്യുന്ന മറ്റൊരു താരമില്ല എന്നതാണ് അയാളെ ക്രിക്കറ്റിന്റെ ഇതിഹാസമാക്കിയത്. ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക പോലും ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹത്തെ വാഴ്ത്തി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യ കളിക്കാരനാണ് സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. 2012 മാർച്ച് 18 ന് മിർപൂരിൽ പാകിസ്ഥാനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ നിന്നും 2013 ൽ സച്ചിൻ വിരമിക്കുമ്പോൾ അതേ വർഷം തന്നെ രാജ്യം ഭാരതരത്ന പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.