2020-04-24 By Admin
തിരുവനന്തപുരം: ലോക്ക് ഡൗൺ നിയമം ലംഘിച്ച് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ എത്തുന്നതോടെ പരിശോധന ശതമാക്കി. ഇടവഴികളിലൂടെയും മറ്റുമാണ് ആളുകൾ കടന്ന് വരുന്നതെന്നാണ് സൂചന. ഇരു സംസ്ഥാനങ്ങളിലെയും പൊലീസിന്റെ നേതൃത്വത്തിൽ ഇടറോഡുകളിൽ താൽക്കാലിക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുറുക്കുവഴികളിലൂടെയാണ് അതിർത്തി കടക്കുന്നത്.
തീരദേശ മേഖലയായ പരുത്തിയൂർ, പൊഴിയൂർ ഭാഗങ്ങൾ വഴി തമിഴ്നാട്ടിലെ കൊല്ലങ്കോട്, നീരോടി പ്രദേശങ്ങൾ വഴി തീരദേശ റോഡിലൂടെ ഇരുചക്ര വാഹനങ്ങൾ വഴിയും കടൽമാർഗം വള്ളത്തിലും ബോട്ടിലുമായി നിരവധിപ്പേർ കേരളത്തിലേക്ക് കടക്കുന്നുണ്ട്. തമിഴ്നാട്ടിൽനിന്ന് വരുന്ന ഇരുചക്ര വാഹനങ്ങളിൽ ഭൂരിഭാഗവും വ്യാജ കേരള രജിസ്ട്രേഷൻ നമ്പരുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
രാത്രിയിൽ കാൽനടയായും കേരളത്തിൽ പ്രവേശിക്കുന്നുണ്ടെന്നാണ് വിവരം. 11 സ്ഥലങ്ങളിലാണ് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ കർശനമായ പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.