2020-04-17 By Admin
തെന്നിന്ത്യൻ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരമായിരുന്നു സൗന്ദര്യ. സൗന്ദര്യയുടെ വിയോഗം സിനിമാ പ്രേക്ഷകർക്ക് ഒന്നടങ്കം വേദനയുണ്ടാക്കി. താരം വിടപറഞ്ഞിട്ട് ഇന്ന് പതിനാറ് വർഷം തികയുകയാണ്. ആകെ രണ്ട് സിനിമകൾ മാത്രമേ നടി സൗന്ദര്യ മലയാളീ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ നൽകിയിരുന്നുള്ളൂ. എന്നാൽ ആ രണ്ട് ചിത്രങ്ങളും എക്കാലത്തെയും മികച്ച സിനിമകളായി പ്രേക്ഷകർ ഓർത്തു വെക്കുന്നതാണ്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ മലയാളത്തിലെത്തുന്നത്. ശേഷം മോഹൻലാൽ നായകനായ 'കിളിച്ചുണ്ടൻ മാമ്പഴം' എന്ന ചിത്രത്തിലൂടെ എത്തിയും പ്രേക്ഷകരുടെ പ്രിയ നടിയായി താരം മാറി. 'ദ്വീപ' എന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെ വേഷവും സൗന്ദര്യ അണിഞ്ഞിരുന്നു. ഈ ചിത്രം നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്കായ 'ആപ്തമിത്ര'യായിരുന്നു സൗന്ദര്യ അഭിനയിച്ച അവസാന ചിത്രം.
2004 ഏപ്രിൽ 17 ന് ബാംഗ്ലൂരിൽ വച്ച് ഒരു വിമാനാപകടത്തിലാണ് സൗന്ധര്യത്തെ നഷ്ടമാകുന്നത്. ഒരു ചെറിയ സ്വകാര്യ വിമാനത്തിൽ യാത്ര തുടങ്ങിയപ്പോൾ തന്നെ വിമാനത്തിന് തീ പിടിച്ച് അപകടമുണ്ടാവുകയായിരുന്നു. അപകടസമയത്ത് സൗന്ദര്യ ഗർഭിണിയായിരുന്നു. തന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിൽ സംവിധായകൻ ഉദയകുമാറാണ് ഇതേ കുറിച്ച് വ്യക്തമാക്കിയത്.
കന്നഡ സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയില്‍ അവള്‍ വിളിച്ചിരുന്നു. ഇത് അവസാനത്തെ സിനിമയാവുമെന്നും താന്‍ രണ്ടുമാസം ഗര്‍ഭിണിയാണെന്നും അന്ന് അവള്‍ പറഞ്ഞിരുന്നു. ഇതിന്റെ പിറ്റേന്നാണ് അവളുടെ മരണവാര്‍ത്ത അറിഞ്ഞതെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.