2019-12-29 By Admin
കൊച്ചി: ഐഎസ്എല്ലിൽ നിർണായക മത്സരത്തിനിറങ്ങിയ കേരള ബ്ളാസ്റ്റേഴ്സ് വീണ്ടും സമനിലക്കുരുക്കിൽ. സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ബ്ളാസ്റ്റേഴ്സിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയിൽ തളച്ചു. (1-1) ഇതോടെ ഐഎസ്എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ പ്ലെഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. വിരസമായ മത്സരത്തിൽ ഇരു ടീമുകളും പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്. ആഫ്രിക്കൻ താരങ്ങളായ ഓഗ്‌ബച്ചെ, അസമാവോ ഗ്യാൻ എന്നിവരാണ് ഇരു ടീമുകൾക്കും വേണ്ടി ഗോൾ നേടിയത്. റഫറിയുടെ കൃത്യതയില്ലാത്ത വിസിലൂതലും മത്സരത്തെ വിരസമാക്കി. മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും പ്രശാന്തും കളത്തിലിറങ്ങി. മത്സരം ആരംഭിച്ചപ്പോൾ ആദ്യ 15 മിനിറ്റും കളി ബ്ലാസ്റ്റേഴ്സിന്റെ കയ്യിലായിരുന്നു. 19 ആം മിനിറ്റിൽ മിസ്പാസിൽ നിന്നും ലഭിച്ച പന്തുമായി ഘാന താരം അസമാവോ ഗ്യാൻ കുതിച്ചെത്തി തൊടുത്ത ഷോട്ട് പുറത്തേക്കു പോയി. പിന്നാലെ നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ആയി. തുടർന്ന് കളി വിരസമായപ്പോൾ ഇരു ടീമുകളിൽ നിന്നും നിരവധി മാറ്റങ്ങൾ ഉണ്ടായെങ്കിലും മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.