2021-11-19 By Admin
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ നമ്പര്‍ 18 ഹോട്ടലിന്‍റെ ഉടമ റോയ് വയലാട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍. റോയ് വയലാട്ട് ലഹരിമരുന്ന് വിതരണം നടത്തിയതായും ഇത് പുറത്ത് വരാതിരിക്കാനാണ് ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും റിമാന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ഡിജെ പാര്‍ട്ടി ഹോട്ടലിന്‍റെ റൂഫ് ടോപ്പില്‍ വച്ചായിരുന്നു. ഇവിടുത്തെ ക്യാമറയിലേക്കുള്ള വൈദ്യുതി നേരത്തെ തന്നെ വിഛേദിച്ചിരുന്നു. പാര്‍ട്ടിക്കിടെ റോയിയും ഇവരുടെ കാര്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചനും ചേര്‍ന്ന് യുവതികളോട് ഹോട്ടലില്‍ തുടരാന്‍ ആവശ്യപ്പെട്ടതായും റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോട്ടലിന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ഇത് സംബന്ധിച്ച് യുവതികളോട് സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം കുണ്ടന്നൂരിലെത്തിയപ്പോഴാണ് സൈജു പിന്തുടരുന്ന കാര്യം കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന് മനസിലായത്. അബ്ദുള്‍ റഹ്മാന്‍ വാഹനം നിര്‍ത്തി. അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് പറഞ്ഞ് സൈജു നിര്‍ബന്ധിക്കുകയും യുവതിയും സുഹുത്തുക്കളും എതിര്‍ക്കുകയും ചെയ്തു. പിന്നീടാണ് അപകടത്തിലേക്ക് നയിച്ച കാര്‍ ചെയ്സിങ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.