2021-11-17 By Admin
കൊച്ചി: പാലാരിവട്ടത്ത് മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പർ 18 ഹോട്ടലിന്‍റെ ഉടമയെ അറസ്റ്റു ചെയ്തു. ഫോര്‍ട്ട് കൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെയും അഞ്ച് ജീവനക്കാരെയുമാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നിർണായക തെളിവുകൾ നശിപ്പിച്ചതിനാണ് റോയ് ജെ. വയലാട്ടിനെതിരെ കേസെടുത്തത്.
റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പർ 18 ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി.റോയി പൊലീസിന് കൈമാറിയ ഹാർഡ് ഡിസ്കിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് ഇയാളെ ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.