2021-11-09 By Admin
തിരുവനന്തപുരം: വിവിധ ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിന് കുറിച്ച് ചർച്ച ചെയ്യാൻ ക്ഷേമനിധി ബോർഡ് ചെയർമാൻമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ ക്ഷേമനിധി ബോർഡുകളുടെ അംശാദായ വർധനയുമായി ബന്ധപ്പെട്ട അവതരിപ്പിച്ച ബില്ലിൽ നടന്ന ചർച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേമനിധി ബോർഡുകളുടെ എണ്ണം കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 18 ക്ഷേമനിധി ബോർഡുകളാണ് സംസ്ഥാനത്തുള്ളത്. ഇവയുടെ എണ്ണം കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനായാണ് അംശാദായത്തിൽ വർധന വരുത്തിയത്. തൊഴിലാളി സംഘടനകളോട് ആലോചിച്ചതിനു ശേഷമാണ് അംശദായം വർധിപ്പിച്ചത്. അംശദായം വർധിപ്പിക്കണമെന്നായിരുന്നു എല്ലാ ബോർഡുകളുടെയും നിലപാടെന്നും മന്ത്രി വ്യക്തമാക്കി