2021-11-03 By Admin
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്.
ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്. ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യത്തെങ്ങും വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നു. ദില്ലിയില്‍ നിലവില്‍ പെട്രോള്‍ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ. കൊല്‍ക്കത്തയില്‍ പെട്രോളിന് 106.66 രൂപ, ചെന്നൈയില്‍ പെട്രോള്‍ വില 102.59 രൂപ. കേരളത്തില്‍ ഏഴ് ദിവസം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചു.