2021-10-31 By Admin
തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി ബന്ധപ്പെട്ട വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങളും, വിവിധ വകുപ്പുകള്‍ കൂടിചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ളും ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി മണ്ഡല മകരവിളക്ക് കാലത്തിനു മുന്‍പായി പൂര്‍ത്തീകരിക്കണം. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലം നിലനില്‍ക്കുന്നതിനാലാണ് ഇത്തവണയും ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നത്. 25,000 പേര്‍ ദിവസേന വെര്‍ച്ച്വല്‍ ക്യൂവിലൂടെ ദര്‍ശനം നടത്തും. 15.25 ലക്ഷം വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് അനുമതി നല്‍കിയിട്ടുള്ളതില്‍ പത്തു ലക്ഷത്തിലധികം പേര്‍ ഇതു വരെ ബുക്ക് ചെയ്തു കഴിഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ ആവശ്യമായ നിയന്ത്രണം പാലിച്ചില്ലായെങ്കില്‍ വരാന്‍ പോകുന്ന ദുരന്തം വളരെ വലുതായിരിക്കും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവരുതെന്നും അദ്ദേഹം പറഞ്ഞു.