2021-10-24 By Admin
ന്യൂഡല്‍ഹി : ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ചെയ്തത്. ഏതെങ്കിലും സമുദായത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത് വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഗണിച്ചാണെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ് തുടങ്ങിയത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ വിഭാഗക്കാരുടെ ഉന്നമനത്തിന് പ്രത്യേക നടപടി സ്വീകരിക്കാന്‍ ഭരണഘടനയുടെ 15 (4) വകുപ്പ് പ്രകാരം സര്‍ക്കാരിന് അവകാശമുണ്ട്. ജനസംഖ്യാനുപാതം മാത്രം കണക്കിലെടുത്ത് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം അശാസ്ത്രീയമാണെന്നും സര്‍ക്കാര്‍ വാദിച്ചു.