2021-10-23 By Admin
കോട്ടയം: എംജി സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിനു ശേഷം സർവകലാശാലാ ക്യാംപസിനുള്ളിൽ എസ്എഫ്ഐ – എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിന്‍റെ അടിസ്ഥാനത്തിലും എഐഎസ്എഫ് പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നും കഴിഞ്ഞ ദിവസം പത്തോളം വരുന്ന എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറുപരാതിയുമായി എസ്എഫ്ഐ. സംഘർഷത്തിനിടെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവിനെ എഐഎസ്എഫ് അപമാനിച്ചു എന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് പരാതി.
എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഇന്നലെയാണ് സംഭവം നടന്നത്. സെനറ്റ് തെരഞ്ഞെടുപ്പിനിടെ സർവകലാശാലയിലുണ്ടായ സംഘർഷത്തിനിടെ ലൈംഗിക അതിക്രമം നടന്നു എന്ന ഗുരുതരമായ ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവിന്‍റെ പരാതിയിലുള്ളത്. എസ്എഫ്‌ഐ നേതാക്കൾ മാറിടത്തിൽ പിടിച്ച് അപമാനിച്ചു എന്നും ആരോപണമുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഗാന്ധിനഗർ പൊലീസ് യുവതിയുടെ മൊഴി എടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ നേതാവ് മൊഴി നൽകി. വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം കെ അരുണിന് പുറമേ പ്രജിത്, അമൽ, ആർഷോ എന്നിവരും അക്രമത്തിന് നേതൃത്വം നൽകിയെന്നും എഐഎസ്എഫ് നേതാവ് മൊഴി നൽകിയിരുന്നു.