2021-10-05 By Admin
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മമത ബാനര്‍ജി. വളരെ വിഷമിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമായ കാര്യങ്ങളാണ് അരങ്ങേറിയതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.
‘ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യമില്ല. ഏകാധിപത്യമാണ്. കര്‍ഷകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അവിടെ സെഷന്‍ 144 ഏര്‍പ്പെടുത്തിയത്. ബി.ജെ.പി വാഗ്ദാനം ചെയ്ത രാമ രാജ്യമല്ല ഇത്, കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി.’ മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
10 കര്‍ഷകരാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. ഇതില്‍ നാലു പേര്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര സഞ്ചരിച്ച വാഹമിനിടിച്ചാണ് മരിച്ചത്. ആശിഷ് മിശ്രയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി. അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ രണ്ടു വാഹനങ്ങള്‍ക്ക് തീയിട്ടിരുന്നു. അതേസമയം, കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്ന ഉറപ്പിൽ ലഖിംപുര്‍ ഖേഡിയിലെ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പിന്മേല്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കി.
കൊല്ലപ്പെട്ട നാല് കര്‍ഷകരുടെയും കുടുംബത്തിന് 45 ലക്ഷം വീതം ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കൊണ്ട് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.