2021-09-20 By Admin
മാഡ്രിഡ്: സ്പാനിഷ് ലീഗില് റയല് മാഡ്രിഡിനും പിഎസ്ജിക്കും ജയം. വലന്സിയക്കെതിരെ നടന്ന എവേ മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് റയല് വിജയിച്ചത്. 86ആം മിനിട്ട് വരെ ഒരു ഗോളിനു പിന്നില് നിന്ന റയല് അവസാന മിനിട്ടുകളിലെ ഗോളുകളിലൂടെ ജയം പിടിക്കുകയായിരുന്നു. വിനീഷ്യസ് ജൂനിയറും കരീം ബെന്സേമയുമാണ് റയലിന്റെ ഗോള് സ്കോറര്മാര്. ഹ്യൂഗോ ഡൂറോ വലന്സിയയുടെ ആശ്വാസ ഗോള് നേടി. കളിയുടെ സമസ്ത മേഖലകളിലും റയല് മുന്നില് നിന്നെങ്കിലും വലന്സിയെ പ്രതിരോധം കീഴടങ്ങാതെ പിടിച്ചുനില്ക്കുന്നതാണ് ആദ്യ പകുതിയില് കണ്ടത്. ഫൈനല് തേര്ഡിലെ പ്രകടനങ്ങളും റയലിനു തിരിച്ചടിയായി. രണ്ടാം പകുതിയിലും ഇതേ രീതി തുടര്ന്നു. എന്നാല്, 66ആം മിനുട്ടില് ഒഴുക്കിനെതിരായി വലന്സിയ സ്കോര് ചെയ്തു. ഹ്യൂഗോ ഡൂറോയാണ് വലന്സിയക്ക് ലീഡ് സമ്മാനിച്ചത്. ഗോള് നേടിയതോടെ പ്രതിരോധം കനപ്പിച്ച വലന്സിയ ഒരു ഗോള് ജയത്തിലേക്ക് നീങ്ങുമ്പോള് രക്ഷകനായി യുവതാരം വിനീഷ്യസ് ജൂനിയര് എത്തി.