2021-09-20 By Admin
ലക്‌നൗ: 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 350 സീറ്റുകള്‍ നേടി ബിജെപിക്ക് തുടര്‍ഭരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൊത്തം 403 സീറ്റാണ് യുപിയിൽ ഉള്ളത്. ക്രമസമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിലും സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിലുമടക്കം സംസ്ഥാനത്ത് മികവുറ്റ ഭരണ മാതൃകയാണ് ബിജെപി കാഴ്ച്ചവെച്ചത്. കൊവിഡ് മഹമാരിക്കെതിരെ ശക്തമായ പ്രതിരോധ മാര്‍ഗങ്ങളാണ് സംസ്ഥാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് കലാപാന്തരീക്ഷം ഉണ്ടായിട്ടില്ലെന്ന് യോഗി അഭിപ്രായപ്പെട്ടു. 2017 മുതല്‍ യുപി കലാപ രഹിതമായി തുടരുകയാണ്. വിവിധ ക്ഷേമ പദ്ധതികള്‍ നിറവേറ്റിയെന്നും അവ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും നാലര വര്‍ഷത്തെ ഭരണം വിലയിരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചുകൊണ്ട് യോഗി പറഞ്ഞു. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ യു പി രണ്ടാമത്തെത്തിയത് സര്‍ക്കാരിന്റെ ഭരണ മികവാണെന്നും യോഗി പറഞ്ഞു.