2021-08-24 By Admin
കൊച്ചി: ആലുവയിൽ ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിക്കിടയിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. തെരുവിൽ സാമൂഹ്യസംഘടന വിതരണം ചെയ്ത ഭക്ഷണ പൊതിയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിത്. ഓഗസ്റ്റ് 13ന് ആലുവ ബാങ്ക് കവലയിൽ ആണ് സംഭവം. ഇയാളെ ആക്രമിച്ച കൊടുങ്ങല്ലൂർ സ്വദേശി വിനു നിലവിൽ റിമാൻഡിലാണ്. തെരുവിൽ കഴിയുന്നവർക്കായി സാമൂഹ്യസംഘടന ഭക്ഷണപൊതിയുമായി എത്തിയപ്പോഴാണ് സംഭവം.
കൊടുങ്ങല്ലൂർ സ്വദേശിയായ വിനു കൈപ്പറ്റിയ ഭക്ഷണപൊതി തമിഴ്നാട് സ്വദേശിയായ മൂർത്തി തട്ടിപ്പറിച്ചു. തുടർന്നുള്ള ദേഷ്യത്തിൽ മൂർത്തി ഉറങ്ങി കിടന്നപ്പോള്‍ സമീപത്ത് കിടന്നിരുന്ന കട്ടയെടുത്ത് വിനു തലക്കടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പരുക്കേറ്റ മൂർത്തിയെ പൊലീസെത്തിയാണ് ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് മൂർത്തി (55) മരിച്ചത്. വിനുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.