2021-08-15 By Admin
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിന നിറവില്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി പതാക ഉയര്‍ത്തിയത്. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങള്‍ നടന്നത്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി. 7.30ഓടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാര്‍ക്ക് ആദരം അര്‍പ്പിച്ചുമാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം തുടങ്ങിയത്. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നേരത്തെ അദ്ദേഹം ടിറ്ററില്‍ സന്ദേശം പങ്കുവെച്ചിരുന്നു.
വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. പുതു ഊര്‍ജം പകരുന്ന വര്‍ഷമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു, ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ പകര്‍ന്നത് ജനകോടികളുടെ ഹൃദയമാണ്. ഭാവി തലമുറയ്ക്ക് ഇത് പ്രചോദനമാണ്. സ്വന്തമായി കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്‌സ് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പടനയിച്ച ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍, വാക്‌സിന്‍ വികസിപ്പിക്കാന്‍ പ്രയത്‌നിച്ച ശാസ്ത്രജ്ഞര്‍ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.