2021-08-07 By Admin
പത്തനംതിട്ട: കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്നയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. കെ.പി റോഡില്‍ മരുതിമൂട് പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ചവറ എംഎല്‍എ സുജിത് വിജയന്‍പിള്ളയുടെ പിതൃ സഹോദരന്റെ മകനും പുനലൂരില്‍ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനുമായ ശൈലേഷ് ചന്ദ്രന്‍പിള്ളയുടെ കാറാണ് അപകടത്തില്‍ പെട്ടത്.
ബാങ്കില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശൈലേഷിന്റെ കാറിന് മുന്നില്‍ മരുതിമൂട് ജങ്ഷന് സമീപം വച്ച് ഒരാള്‍ കുറുകെ ചാടി. ഇതു കണ്ട് വെട്ടിച്ച കാര്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ തട്ടി. ഇതു നോക്കാന്‍ ശൈലേഷ് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ സമയം ശൈലേഷിനു നേരെ ഓടിയടുത്ത മോഷ്ടാക്കള്‍ കഴുത്തില്‍ കത്തിവച്ച് 4500 രൂപയും മൊബൈലും കവരുകയായിരുന്നു.