2021-07-19 By Admin
കൊളോംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. ലങ്ക ഉയര്‍ത്തിയ 263 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 36.4 ഓവറില്‍ മറികടന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ 262 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിര 14 ഓവര്‍ ബാക്കി നില്‍ക്കെ തകര്‍പ്പന്‍ പ്രകടനവുമായി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലാണ്.
പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റന്‍ ശിഖര്‍ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തില്‍ 43 റണ്‍സും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിയും ( 42 പന്തില്‍ 59 റണ്‍സ്) എന്നിവര്‍ക്കൊപ്പം പുറത്താകാതെ 86 റണ്‍സ് നേടി ശിഖര്‍ ധവാനും കളം നിറഞ്ഞു.